Trivandrum: സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി ശ്രദ്ധ നേടുകയാണ് ‘ചിരം’ എന്ന ചിത്രം. ബാവുൾ സംഗീതത്തിന്റെ സാംസ്കാരിക ലോകത്തെയും ഗോത്രസമൂഹങ്ങളുടെ ജീവിതത്തെയും പ്രണയത്തിന്റെയും വിരഹത്തിന്റെയും വൈകാരികതയുമായി ബന്ധിപ്പിക്കുന്ന ചിത്രം, പതിവ് പ്രണയകഥകളിൽനിന്ന് വ്യത്യസ്തമായൊരു ആഖ്യാനമാണ് മുന്നോട്ടുവയ്ക്കുന്നത്. എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. സിന്ധു പരടയിലും എൻ. സുധീറും ചേർന്ന് സംവിധാനം ചെയ്ത ചിത്രത്തിൽ അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സത്യജിത് പ്രൊഡക്ഷൻസിന്റെ ബാനറിൽ സത്യജിത് നായർ നിർമിച്ച ചിത്രത്തിന്റെ തിരക്കഥ കെ. രാജഗോപാലും സിന്ധു പരടയിലും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്.




ബാവുൾ സംഗീതത്തെക്കുറിച്ച് പഠിക്കാൻ വിശ്വഭാരതി സർവകലാശാലയിലെത്തുന്ന സീത എന്ന മലയാളി പെൺകുട്ടിയുടെയും സാഹസിക ഫോട്ടോഗ്രാഫർ സാമിന്റെയും ബന്ധത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. എന്നാൽ പ്രണയവും വേർപാടും മാത്രമല്ല സിനിമയുടെ പ്രമേയം. ഗോത്രസമൂഹങ്ങളുടെ ജീവിതാവസ്ഥകളും അവർക്കു നേരിടേണ്ടിവരുന്ന ചൂഷണങ്ങളും അതിജീവനത്തിന്റെ വഴികളും കഥയിൽ പ്രധാന ഇടം നേടുന്നു. ബാവുൾ സംഗീതത്തിൽ ഗവേഷണബിരുദം നേടിയ ചാന്ദിയുടെയും അവരുടെ ടീച്ചറമ്മയുടെയും ജീവിതത്തിലേക്ക് കടന്നുചെല്ലുന്ന പത്രപ്രവർത്തകയുടെ അന്വേഷണവും ഈ സാമൂഹിക പശ്ചാത്തലത്തെ കൂടുതൽ വിപുലമാക്കുന്നു. സംഗീതത്തെ കേവലം ആസ്വാദനത്തിനുള്ള ഉപാധിയായി കാണാതെ ഒരു സമൂഹത്തിന്റെ സംസ്കാരവും ജീവിതദർശനവും തിരിച്ചറിയാനുള്ള വഴിയായി അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ശ്രദ്ധേയമായ വശം. യഥാർത്ഥ ബാവുൾ കലാകാരന്മാരുടെ പങ്കാളിത്തവും രബീന്ദ്രസംഗീതത്തിന്റെയും ബാവുൾ സംഗീതത്തിന്റെയും സാന്നിധ്യവും ഈ ആഖ്യാനത്തിന് സാംസ്കാരികമായ ആഴം നൽകുന്നു.


