റെയിൽ വഴിയമ്പലം

തീവണ്ടികൾ നിർത്താത്ത ഒരു പഴയ റെയിൽവേ സ്റ്റേഷനെ കാവ്യാഖ്യാനേന്ദ്രജാലത്താൽ റെയിൽവഴിയമ്പലമെന്ന ഇൻസ്റ്റലേഷൻ കലയാക്കി പരിവർത്തിപ്പിക്കുകയാണ് കവി കെ രാജഗോപാൽ. പല ഫ്രെയിമുകൾ ചേർത്ത് കാലത്തെയും സ്ഥലത്തെയും പല അനുപാതത്തിൽ ഒന്നിപ്പിച്ച് ഒരു ബൃഹദ്രൂപം കൺമുന്നിൽ നിർമ്മിച്ചുതരുന്നു. അതിലേക്ക് തീവ്രമായ ലാവണ്യാനുഭൂതികളോടെ കടന്നുചെല്ലാം നമുക്ക്. കലയുടെ ആവാഹനപ്രഭാവത്തിൽ അലിയാം. വസ്തുബോധത്തിന്റെ കൃത്യത മുഴച്ചു നിൽക്കുന്ന അളവും അറിവും ചരിത്രഘട്ടങ്ങളിലേക്ക് വലിച്ചടുപ്പിച്ചു എന്നുവരാം. രൂപകങ്ങളുടെ വിന്യസന വിശേഷം ഭാവാർത്ഥത്തെ അതിന്റെ രൂപത്തിൽനിന്നും വിമുക്തമാക്കി അലസസഞ്ചാരത്തിന് അയച്ചു എന്നുവരാം. ഒരിൻസ്റ്റലേഷൻ കല അങ്ങനെയൊക്കെയാണ് നാം കണ്ടുതീർക്കുന്നത്.

”പയ്യുമേയുന്ന പ്ലാറ്റ്ഫോമിൽ

നേരം വൈകിയോടും നിഴൽ

നീണ്ടുപോകുവാൻ

കാത്തുകെട്ടിക്കിടപ്പാണിളവെയിൽ.

കാവലുണ്ട് ഔട്ടറിൽ

ട്രാക്കു കാട്ടുവാൻ കൈകളാട്ടും

വെറും നോക്കുകുത്തികൾ”.

പശു മേയുന്ന പ്ലാറ്റ്ഫോം. ഇളവെയിൽ, അതിന്റെ നീളുന്ന നിഴലുകൾ, ഔട്ടറിൽ കൈകളുയർത്തിയും താഴ്ത്തിയും സിഗ്നൽ പോസ്റ്റ്. ഓരോരോ ഫ്രെയിമുകൾ തെളിച്ചുതെളിച്ചാണ് രൂപനിർമ്മാണം. അതേ ഫ്രെയിമുകൾക്ക് ജനമിരമ്പുന്ന പ്ലാറ്റ്ഫോം, വൈകിയോടുന്ന തീവണ്ടി, കാത്തുകെട്ടിക്കിടക്കുന്ന യാത്രികർ, ഔട്ടറിൽ നോക്കുകുത്തികളായിത്തീർന്ന പഴയകാല ട്രാഫിക് സിഗ്നലുകൾ എന്നീ ദൃശ്യങ്ങളുടെ ഉൾക്കനം വന്നുചേരുന്നു. അത് കാലസഞ്ചാരമാണ്. കലയിലെ സങ്കീർണമായ കാലക്കയ്യടക്കം.

നിശ്ചലമായ ഒരു ദൃശ്യമോ ദൃശ്യഖണ്ഡമോ അതിന്റെ രൂപത്തികവിൽതന്നെ ഒതുക്കമില്ലാത്ത ഉൾപ്രഭാവങ്ങളെ വഹിച്ചുകൊണ്ടിരിക്കുന്നു. അത് ഇൻസ്റ്റലേഷൻ കലയുടെ സവിശേഷതയാണ്. കവിതയിൽ ഉൾപ്രഭാവം പുതുമയല്ല. ധ്വനി എന്നും മറ്റും നാം വാഴ്ത്തിപ്പോന്നിട്ടുണ്ട്. എന്നാൽ പുറമേ വസ്തുസത്വവും അകമേ സത്താസ്ഫോടനവും നിർവ്വഹിക്കുംവിധം ആഖ്യാനത്തെ ക്രമപ്പെടുത്താനും ആഴപ്പെടുത്താനും അത്ര എളുപ്പമല്ല. റെയിൽവഴിയമ്പലം അങ്ങനെയൊരു വിശേഷസൃഷ്ടിയാണ്.

തുരുമ്പിച്ച തീവണ്ടി ബോഗികളും അതു വീടാക്കി മാറ്റിയ നാടോടികളും രണ്ടാം ഖണ്ഡത്തിലുണ്ട്. ഉടുമ്പ് ചുടുന്നതിന്റെ ചൂരുണ്ട് വായുവിൽ. ബോഗിയ്ക്കകത്ത് കുട്ടികളെ ഉറക്കുന്ന തുണിത്തൊട്ടിൽ കാണാം. അകത്ത് കുട്ടിയില്ലാത്തതിനാൽ ആടുവാൻ മടിക്കുന്നു തൊട്ടിൽ. തൊട്ടിലിന്റെ ആ നിൽപ്പിനെ അപായപ്പെടുത്തുന്നില്ല കാറ്റ്.

ഇവിടെയും പിളർന്നു കിടപ്പാണ് കാലം. കണ്ട അടരിൽ അങ്ങനെയൊക്കെയാണ്. രണ്ടു നായകൾ തമ്മിൽ ഇണക്കുരുക്കിട്ടപോലെ തറഞ്ഞു തുരുമ്പിച്ചിരിക്കുന്നു ബോഗിവീടുകൾ എന്നാണ് തുടക്കം. ഉടുമ്പും നായും പശുവുമെല്ലാം കടന്നു നിൽക്കുന്ന ഫ്രെയിമിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഉടുമ്പിനെ ചുട്ടു തിന്നുന്ന നാടോടികൾ ഒരു പഴയ കാഴ്ച്ചയാണ്. ആ ചൂരും മറഞ്ഞിരിക്കുന്നു. ഇപ്പോഴിത് ഒരു നിശ്ചല ദൃശ്യം.

കവി പുറത്തുവന്ന് സന്ദേഹം പങ്കുവെക്കുന്നു. ക്ഷാമകാലത്ത് ഗോതമ്പു കൊണ്ടുവന്നിറക്കാൻ പണിഞ്ഞതാവും ഈ സ്റ്റേഷൻ. അല്ലെങ്കിൽ ഏതോ യുദ്ധകാലത്ത് സൈന്യം ഇറങ്ങിയതാവും. ഖാദിശാലയിലേക്ക് ത്രിവർണ പതാകയും ഗീതയും വന്നത് ഇതുവഴി ആവാം. ചരിത്രത്തിന്റെ ഏതൊക്കെയോ നിർണായക കുതിപ്പുകൾക്കല്ലാതെ മറ്റൊന്നിനും തുണച്ചിട്ടില്ല, വണ്ടികൾ നിർത്താത്ത ഈ റെയിലമ്പലം.

പിന്നെ കവി ഫ്രെയിമുകളിലേക്ക് ചൂണ്ടുന്നു. ആരും വരാതിരിക്കുന്നില്ല സ്റ്റേഷനിൽ. ആളുകൾ വരുന്നു. ഞാൻവരുന്നു രണ്ടുനേരം. പക്ഷേ, സെൽഫികളും ഫോട്ടോകളുമെടുക്കുന്ന ഫോൺക്യാമറ അവിടെ ആളൊഴിഞ്ഞ ബഞ്ചിൽ പടിഞ്ഞ് ഏകനായി ഇരിക്കുന്ന വൃദ്ധനെ കണ്ടില്ല. അദ്ദേഹം സൂര്യനെ നൂറ്റുകൊണ്ടിരുന്നത് അറിഞ്ഞില്ല. വെളിച്ചത്തിന്റെ നൂൽനൂൽക്കുന്ന ചർക്കയുടെ ഉടയോനെ ആരും തിരിച്ചറിഞ്ഞില്ല. വെളിച്ചംപരത്തുന്ന പെൺകുട്ടി കാത്തുനിന്ന് കൈവീശിയിട്ടുപോലും ഒന്ന് പുഞ്ചിരിച്ചില്ല. ജീവപ്രേരകങ്ങളായ അനുഭവങ്ങളെ നാം കൈവിടുന്നു. സ്മാരകങ്ങളിൽനിന്ന് സ്മരണകൾ ഊർന്നുപോകുന്നു. വാക്കുകൾ ഉൾവെളിച്ചംകെട്ട് വെറും വസ്തുരൂപം പൂണ്ടു കഴിയുന്നു. അതിനകത്തുണ്ട് സൂര്യനും നിലാവും. സമരവും പ്രണയവും.

ഈ റെയിൽപാതയിലൂടെ തേയിലക്കിളുന്തും വഹിച്ച് കമ്പനിവണ്ടികൾ കടന്നുപോയിട്ടുണ്ട്. ദണ്ഡിയിൽനിന്ന് ഒരു പിടി ഉപ്പ് ഇന്ത്യകാണാൻ ഇതുവഴി യാത്രയായിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതി മരിച്ചവരുടെ ചിതാകലശങ്ങൾ ഇവിടെ വന്നിറങ്ങിയിട്ടുണ്ട്. ഈ സിമന്റുബഞ്ചിൽ അവ നിരന്നിട്ടുണ്ട്. ഒരു ഇൻസ്റ്റലേഷനകത്ത് ഒരു ദേശം തിരതല്ലി നിൽക്കുന്നു. ഒരു വൃദ്ധശിരസ്സ് ഉയർന്നു നിൽക്കുന്നു. നിശ്ചല റെയിൽസ്റ്റേഷൻ ഓർമ്മകളുടെ വഴിയമ്പലമാകുന്നു. അതിന്റെ രൂപം ഇങ്ങനെ വരച്ചിരിക്കുന്നു:

”ഉച്ചസൂര്യനുരുക്കുന്ന ടാറിൽ

കാലുറച്ച കൊടിച്ചിയെപ്പോലെ

കാലമേറെ തറഞ്ഞ കുതിപ്പിന്റെ

നിശ്ചലദൃശ്യം – ഈ റെയിൽസ്റ്റേഷൻ.”

കാലമേറെ തറഞ്ഞ കുതിപ്പിന്റെ നിശ്ചല ദൃശ്യം ഉരുകിയ ടാറിൽ കാലുറച്ച കൊടിച്ചിയിൽ കാണുന്ന കവികൽപ്പന ആ ദൃശ്യഭാവത്തിന് കാവ്യരൂപം തീർക്കുകയാണ്. കാഴ്ച്ചയുടെ നാടോടി കൺനോട്ടം പലയിടത്തായി തെറിച്ചു നിൽക്കുന്നതു കാണാം. രണ്ടു നായകൾ തമ്മിൽ ഇണക്കുരുക്കിട്ടപോലെ തീവണ്ടിബോഗികളെ കാണുന്ന കാഴ്ച്ചയിൽ അതുണ്ട്. ഉടുമ്പു ചുട്ട ചൂരിലുണ്ട്. ടെന്റടിച്ച വെളിമ്പറമ്പിലുണ്ട്.

കാലവിരുതുകളുടെ ലിപി വായിക്കുകയാണ് കവി. പിന്നെ മഴമിന്നലിന്റെ കമ്പി കാച്ചി വിളക്കുന്ന പാളം പുതിയ മാറ്റങ്ങൾക്ക് വിധേയമാകുന്നു. തുരുമ്പിച്ച ബോഗികൾ ബുൾഡോസറിന്റെ യാർഡിൽ ആക്രിത്തുരുമ്പായി മാറി.

”ബോഗിവീടുകൾ ബുൾഡോസറിന്റെ

യാർഡിൽ ആക്രിത്തുരുമ്പായി മാറി

ചർക്കയും വൃദ്ധനും കാത്തിരിപ്പും

ചേർന്നു ശിൽപ്പസമുച്ചയമായി.

അപ്രതീക്ഷിതം – അന്നാദ്യമായി

കണ്ണു പൊത്തിക്കരഞ്ഞ പെൺകുട്ടിയെ

കൊണ്ടുപോകുവാൻ തീവണ്ടി നിന്നു.”

ഇത്രയുമെത്തിയപ്പോൾ എറണാകുളത്ത് ഹൈക്കോടതിവളപ്പിനു സമീപമുള്ള പഴയ റെയിൽവേ സ്റ്റേഷൻ ഓർമ്മയിൽ വന്നു. ഗാന്ധിജിയും വിവേകാനന്ദനുമെല്ലാം ഇറങ്ങിയ സ്റ്റേഷൻ. ഏറെക്കുറെ തകർന്നുതീരാറായിട്ടുണ്ട്. അവിടെ ഒരു ചാരുബഞ്ചിൽ വൃദ്ധൻ ഇരുന്ന് സൂര്യനെ നൂൽക്കുന്നുണ്ടാകുമോ?

ചർക്കയും വൃദ്ധനും കാത്തിരിപ്പും ചേർന്ന് ശില്പസമുച്ചയമുണ്ടായി. വാക്കിലും ശിലയിലും ഭാവലിപികളേതിലും അത് രൂപമാർന്നു. പക്ഷേ, കണ്ണുപൊത്തിക്കരഞ്ഞ നിസ്സഹായയായ വെളിച്ചത്തിന്റെ മകളെ, സ്വാതന്ത്ര്യത്തിന്റെ മകളെ നാം മറന്നുവോ? കാലത്തിന്റെ വണ്ടി അവളെ കൊണ്ടുപോയി. പിന്നീട് വണ്ടി അവിടെ നിന്നേയില്ല. ആ സ്റ്റേഷൻ ഏത് സ്റ്റേഷനുമാണ്. ആ ഏകാന്തത ഏത് സ്റ്റേഷന്റെയും ഒരു മറുപിറവിയാണ്. നാം അത് തിരിച്ചു വായിക്കുമ്പോൾ ചരിത്രത്തിലൂടെ നമ്മുടെ വണ്ടികൾ വന്നു നിൽക്കുന്നു.

കണ്ട കാഴ്ച്ചയിലേക്കു വീണ്ടും നോക്കുമ്പോൾ കാഴ്ച്ച മാറുന്നു. വന്ന നംബറിലേക്ക് വീണ്ടും വിളിക്കുമ്പോൾ ആളു മാറുന്നു. ആംബുലൻസിൽ അവൾക്കൊപ്പം പോയ ആന്തൽ, ആ നെടുവീർപ്പ് ബാക്കിയാകുന്നു. അതൂതിവിടുന്ന ഭയം നിറയുന്നു. ചരിത്രം കൊള്ളയടിക്കപ്പെടുന്ന കാലത്ത് ആ ഭയത്തിന് അർത്ഥം മുളച്ചുകൊണ്ടിരിക്കുന്നു.

രാജഗോപാലിന്റെ കവിത വേണ്ടവിധം വായിക്കാൻ എനിക്ക് കുറച്ചുകൂടി പാകം വരാനുണ്ടാവണം. അതെന്നെ വീണ്ടും വീണ്ടും വായിപ്പിക്കുന്നു എന്നതാണ് വാസ്തവം.

ആസാദ് മലയാറ്റിൽ

24 മാർച്ച് 2026

Stay in the Loop

Get the daily email from CryptoNews that makes reading the news actually enjoyable. Join our mailing list to stay in the loop to stay informed, for free.

[tds_leads input_placeholder="Your email address" btn_horiz_align="content-horiz-center" pp_checkbox="yes" pp_msg="SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==" tdc_css="eyJhbGwiOnsibWFyZ2luLWJvdHRvbSI6IjAiLCJkaXNwbGF5IjoiIn0sImxhbmRzY2FwZSI6eyJkaXNwbGF5IjoiIn0sImxhbmRzY2FwZV9tYXhfd2lkdGgiOjExNDAsImxhbmRzY2FwZV9taW5fd2lkdGgiOjEwMTksInBvcnRyYWl0Ijp7ImRpc3BsYXkiOiIifSwicG9ydHJhaXRfbWF4X3dpZHRoIjoxMDE4LCJwb3J0cmFpdF9taW5fd2lkdGgiOjc2OCwicGhvbmUiOnsiZGlzcGxheSI6IiJ9LCJwaG9uZV9tYXhfd2lkdGgiOjc2N30=" input_border="0" input_radius="eyJhbGwiOiI2cHggMCAwIDZweCIsImxhbmRzY2FwZSI6IjVweCAwIDAgNXB4IiwicG9ydHJhaXQiOiI1cHggMCAwIDVweCJ9" btn_bg="#10bf6b" btn_bg_h="#333237" f_btn_font_family="420" f_btn_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMiJ9" f_btn_font_line_height="eyJhbGwiOiIzLjYiLCJsYW5kc2NhcGUiOiIzLjMiLCJwb3J0cmFpdCI6IjMuMyJ9" f_input_font_line_height="eyJhbGwiOiIzLjYiLCJsYW5kc2NhcGUiOiIzLjMiLCJwb3J0cmFpdCI6IjMuMyJ9" f_input_font_family="420" f_input_font_size="eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMiJ9" input_padd="eyJhbGwiOiIwIDE1cHggMXB4IiwibGFuZHNjYXBlIjoiMCAxM3B4IDFweCIsInBvcnRyYWl0IjoiMCAxMHB4IDFweCJ9" btn_padd="eyJhbGwiOiIwIDE1cHggMXB4IiwibGFuZHNjYXBlIjoiMCAxM3B4IDFweCIsInBvcnRyYWl0IjoiMCAxMHB4IDFweCJ9" btn_radius="eyJhbGwiOiIwIDZweCA2cHggMCIsImxhbmRzY2FwZSI6IjAgNXB4IDVweCAwIiwicG9ydHJhaXQiOiIwIDRweCA0cHggMCJ9" pp_check_color="#a0a0a0" pp_check_square="#000000" pp_check_border_color="rgba(16,191,107,0)" f_pp_font_family="420" pp_check_bg="rgba(255,255,255,0.6)" pp_check_size="eyJhbGwiOjE0LCJsYW5kc2NhcGUiOiIxMyIsInBvcnRyYWl0IjoiMTMifQ==" msg_composer="" f_title_font_family="420" msg_space="eyJsYW5kc2NhcGUiOiIwIDAgMTBweCIsInBvcnRyYWl0IjoiMCAwIDEwcHgifQ==" f_title_font_size="eyJsYW5kc2NhcGUiOiIxMCJ9" f_msg_font_size="eyJsYW5kc2NhcGUiOiIxMCIsInBvcnRyYWl0IjoiMTAifQ==" f_pp_font_size="eyJsYW5kc2NhcGUiOiIxMCIsInBvcnRyYWl0IjoiMTAifQ==" pp_space="eyJsYW5kc2NhcGUiOiIxNCIsInBvcnRyYWl0IjoiMTAifQ==" pp_check_color_a_h="#ffffff"]

Latest stories

- Advertisement - spot_img

You might also like...